Friday, August 11, 2017

മരണാനന്തരം എന്ത് ?

ലണ്ടന്‍: മരണത്തിനു ശേഷവും ജീവന്‍ നിലനില്‍ക്കുമെന്ന പഠന റിപ്പോര്‍ട്ടുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ബ്രിട്ടന്‍ ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ അപൂര്‍വ കണ്ടുപിടിത്തം. വിഷയത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിത്.
ഹൃദയാഘാതം സംഭവിച്ച ആളുകളിലാണ് ഈ പരീക്ഷണം നടത്തിയത്. രോഗികളോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്യുന്നത്. 40 ശതമാനം ആളുകള്‍ക്കും മരണം സ്ഥിരീകരിച്ചിട്ടും ആ സമയത്ത് ബോധമുണ്ടായിരുന്നു എന്നാണ് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തിയത്.
ഹൃദയം പ്രവര്‍ത്തനം നിര്‍ത്തി 20-30 സെക്കന്റുകള്‍ക്കുള്ളില്‍ സാധാരണയായി മസ്തിഷ്‌ക മരണം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് ആ വ്യക്തി പൂര്‍ണമായും അബോധാവസ്ഥയിലാകും. എന്നാല്‍ മൂന്ന് മിനിട്ടിനു ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് രോഗിക്ക് അറിയാന്‍ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം പറയുന്നത്. ഈ സമയത്ത് ഇവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസറും സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ ഗവേഷകനുമായ ഡോ.സാം പാര്‍ണിയയാണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മരണം തൊട്ടു മുമ്പില്‍ കണ്ട രോഗികളില്‍ ഒരാള്‍ പങ്കുവെച്ച അനുഭവങ്ങള്‍ അവിശ്വസനീയമാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഡോക്ടര്‍മാരും നഴ്‌സുമാരും തന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളും അവരുടെ സംഭാഷണങ്ങളുമെല്ലാം അയാള്‍ കൃത്യമായി പറഞ്ഞുവെന്നാണ് സാം പാര്‍ണിയ പറയുന്നത്. ഹൃദയം നിലയ്ക്കുന്നതോടെ മസ്തിഷ്‌ക മരണവും സംഭവിക്കും എന്നാണ് വിശ്വാസം. എന്നാല്‍ രോഗികളില്‍ ഒരാളില്‍ നിന്ന് മൂന്ന് മിനിറ്റിലേറെ വരെ രോഗി ബോധാവസ്ഥയില്‍ തന്നെയായിരിക്കുമെന്നതിന് തെളിവ് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

രോഗി പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി മുറിയില്‍ നടന്നതുതന്നെയായിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 15 ആശുപത്രികളില്‍ നിന്നായി 2060 രോഗികളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.